തിരുവനനന്തപുരം: ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും. നിലവിൽ കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി.
ബന്ധുനിയമന വിവാദം ഉയർന്നതിനെ തുടർന്ന് സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം.
ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വ്യക്തമായ മറുപടി നൽകാതെ മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.